This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

എന്‍.വി. കൃഷ്ണവാര്യര്‍

മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാനസാഹിത്യപ്രചാരണത്തിനും വേണ്ടി കേരളസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണസ്ഥാപനം. ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമാകത്തക്കവണ്ണം മലയാളഭാഷയെ വികസിപ്പിച്ച് അതിന്റെ സമ്പത്തും ശക്തിയും അതിവേഗം വളര്‍ത്തുക, വ്യത്യസ്തഭാരതീയ ഭാഷകള്‍ക്കിടയില്‍ പ്രയോജനപ്രദമായ സമ്പര്‍ക്കം പുലര്‍ത്തുക, സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം സാധ്യമാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി 1968 സെപ്. 16-നാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നത്. എന്‍.വി. കൃഷ്ണവാര്യരായിരുന്നു ആദ്യ ഡയറക്ടര്‍.

ഇന്ത്യാഗവണ്‍മെന്റ് നിയോഗിച്ച വിദ്യാഭ്യാസക്കമ്മിഷന്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ നിലവാരത്തിലും പ്രാദേശിക ഭാഷാ മാധ്യമമായിരിക്കണമെന്ന് ശിപാര്‍ശ ചെയ്യുകയും 1969-ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാനവിദ്യാഭ്യാസമന്ത്രിമാരുടെ യോഗം ഈ ശിപാര്‍ശ പരിഗണിച്ചശേഷം സര്‍വകലാശാലാനിലവാരത്തില്‍ വിദ്യാഭ്യാസം പ്രാദേശികഭാഷയിലായിരിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനം നടപ്പിലാക്കുന്നതിനും ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളില്‍ പാഠ്യപുസ്തകങ്ങള്‍ നിര്‍മിക്കുന്നതിനുംവേണ്ടി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുവാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കുകയും ചെയ്തു.

പ്രവര്‍ത്തനങ്ങള്‍. ഇന്ത്യാഗവണ്‍മെന്റിന്റെ ശാസ്ത്രീയ-സാങ്കേതിക പദാവലികള്‍ക്കായുള്ള സ്ഥിരം കമ്മിഷന്‍ തയ്യാറാക്കിയ സാങ്കേതികപദങ്ങള്‍ മലയാളഭാഷയോടു പൊരുത്തപ്പെടുത്തി സ്വീകരിക്കുക; സര്‍വകലാശാലാനിലവാരത്തില്‍ വിഭിന്ന വിഷയങ്ങളില്‍, പ്രത്യേകിച്ച് ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ പ്രാദേശിക ഭാഷയില്‍ ഗ്രന്ഥങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അവയുടെ നിര്‍മാണത്തിനാവശ്യമായ പ്രചോദനവും പ്രോത്സാഹനവും നല്കുകയും ചെയ്യുക; സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്കു പ്രാദേശികഭാഷയിലൂടെ ഫലപ്രദമായി അധ്യാപനം നിര്‍വഹിക്കുന്നതിനുള്ള കഴിവു കൈവരുത്തുന്നതിനായി സെമിനാറുകള്‍, ഗ്രീഷ്മകാല വിദ്യാലയങ്ങള്‍, ഓറിയന്റേഷന്‍ കോഴ്സുകള്‍ എന്നിവ സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുക; പ്രാദേശിക ഭാഷയില്‍ അടിസ്ഥാനശബ്ദാവലികള്‍ തയ്യാറാക്കുക; വിവരണാത്മക വ്യാകരണഗ്രന്ഥങ്ങള്‍ നിര്‍മിക്കുക; മാതൃഭാഷ എന്ന നിലയിലും രണ്ടാംഭാഷ എന്ന നിലയിലും പ്രാദേശിക ഭാഷകള്‍ വിഭിന്നതലങ്ങളില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള ക്രമവത്കൃതപദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതിനുവേണ്ട സഹായകഗ്രന്ഥങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക; ദ്വിഭാഷാ-ബഹുഭാഷാ നിഘണ്ടുക്കളും ശബ്ദാവലികളും നിര്‍മിക്കുക; ഭാരതീയ ഭാഷകളുടെ വികാസത്തോടും അവയെ സംബന്ധിച്ചുള്ള ഗവേഷണത്തോടും ബന്ധപ്പെട്ട സാഹിത്യഗ്രന്ഥങ്ങള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കുക; അന്യഭാഷകളിലുള്ള ക്ളാസ്സിക്കുകളും മറ്റു മികച്ച ഗ്രന്ഥങ്ങളും മലയാളത്തിലേക്കും മലയാളത്തില്‍നിന്നു മറ്റു ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുക; പ്രാദേശിക ഭാഷയിലും ഗോത്രഭാഷകളടക്കമുള്ള മറ്റു ഭാരതീയ ഭാഷകളിലും പ്രായോഗികപ്രാധാന്യമുള്ള ഭാഷാശാസ്ത്ര വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണം സംഘടിപ്പിക്കുക; പ്രാദേശികഭാഷയുടെയും മറ്റു ഭാരതീയ ഭാഷകളുടെയും വികാസത്തിനും പുരോഗതിക്കും സഹായകമായ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുക എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടികള്‍.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിവിപുലമായ ഒരു പ്രസിദ്ധീകരണ വിഭാഗവും പുസ്തക പ്രദര്‍ശന വില്പനവിഭാഗവും ഉണ്ട്. മലയാളഭാഷയെ സമ്പന്നമാക്കാന്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടായിരത്തിയെണ്ണൂറോളം ഗ്രന്ഥങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുള്ളത്. ഭാഷ, സാങ്കേതികശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ അഞ്ചുമേഖലകളെ സംബന്ധിക്കുന്ന വൈജ്ഞാനികഗ്രന്ഥങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമായും പ്രസിദ്ധീകരിക്കുന്നത്.

'വിജ്ഞാനം ഇരുപതാം നൂറ്റാണ്ടിലേക്ക്' എന്ന പേരില്‍ ഒരു പ്രത്യേക പരമ്പര പ്രസിദ്ധീകരിച്ചുകൊണ്ടാണ് നവസഹസ്രാബ്ദത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് വരവേറ്റത്. വിവിധ വൈജ്ഞാനികമേഖലകളെ സംബന്ധിക്കുന്ന വിലപ്പെട്ട പുസ്തകങ്ങളാണ് ഈ പരമ്പരയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. വികസിക്കുന്ന പ്രപഞ്ചം, പദാര്‍ഥ രസതന്ത്രത്തിന്റെ വിസ്മയലോകങ്ങള്‍, ജൈവവൈവിധ്യം, പരിസ്ഥിതി, വൈദ്യവിജ്ഞാനം-പരിണാമവും പ്രതീക്ഷയും, സമുദ്രവിജ്ഞാനം, കാര്‍ഷികവിജ്ഞാനം, ആരോഗ്യപ്രശ്നങ്ങള്‍-ഈ നൂറ്റാണ്ടില്‍, മനോരോഗങ്ങളും ചികിത്സയും, ആഗോളീകരണം, ഫെമിനിസം, നരവംശശാസ്ത്രം, നിയമം, പത്രലോകം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഈ പരമ്പരയില്‍ പ്രസിദ്ധപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ആനുകാലികമാണ് വിജ്ഞാനകൈരളി മാസിക. സര്‍വകലാശാലാതലത്തില്‍ ഗവേഷണമൂല്യമുള്ള ശാസ്ത്ര-സാഹിത്യ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ വൈജ്ഞാനിക മാസികയാണ് വിജ്ഞാനകൈരളി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് -തിരുവനന്തപുരം

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധമായി വിജ്ഞാനമുദ്രണം പ്രസ്സും പ്രവര്‍ത്തിക്കുന്നുണ്ട്. സുസജ്ജമായ ഓഫ്സെറ്റ് പ്രസ്സിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ കമനീയമായ അച്ചടിയും ബയന്റിങ്ങും നടക്കുന്നത്.

താരതമ്യസാഹിത്യകാരനും പണ്ഡിതനുമായിരുന്ന ഡോ. കെ.എം. ജോര്‍ജിന്റെ സ്മരണാര്‍ഥം സ്ഥാപിതമായിട്ടുള്ള ഡോ. കെ.എം. ജോര്‍ജ് സ്മാരക ഭാഷാപഠന ഗവേഷണകേന്ദ്രം ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു. ഡോ. കെ.എം. ജോര്‍ജിന്റെ വിപുലമായ പുസ്തകശേഖരം അദ്ദേഹത്തിന്റെ കുടുംബം പഠനകേന്ദ്രത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഗവേഷണവിദ്യാര്‍ഥികള്‍ക്ക് ഈ ലൈബ്രറി പ്രയോജനപ്പെടുന്നു. ഇതിനുപുറമേ അരലക്ഷത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ ഗ്രന്ഥങ്ങളും ലൈബ്രറിയില്‍ റഫറന്‍സിനായി ലഭ്യമാണ്.

വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ചെറൂട്ടി റോഡില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രാദേശികകേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ വക സ്റ്റേഡിയത്തിലും കണ്ണൂര്‍ കക്കാട് റോഡിലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകപ്രദര്‍ശനവില്പനശാലകളും പ്രാദേശികകേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പുസ്തകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത് പ്രാദേശിക കേന്ദ്രമാണ്. തിരുവനന്തപുരം പ്രസ് റോഡില്‍ സംസ്കാര എന്ന പേരില്‍ ഒരു പുസ്തകശാലയും ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍